ലോക പരിസ്ഥിതി ദിനം, പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു
June 5, 2026
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൊൻമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ "സ്വച്ഛ് ഗാവ് സുരക്ഷിത് ജലവായു" എന്ന സന്ദേശമുയർത്തി പ്രത്യേക ഗ്രാമസഭ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. കോമുക്കുട്ടി ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ജനകീയ പ്രസ്ഥാനമായി മാറേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങൾ സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് ഗ്രാമവാസികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമസഭയിൽ മാലിന്യ സംസ്കരണം, ജലസംരക്ഷണം, ഹരിതവൽക്കരണം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രാദേശിക ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ചർച്ച നടന്നു. വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ അഭിപ്രായങ്ങളും നിർദേശങ്ങളും അവതരിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന പരിസ്ഥിതി ബോധവൽക്കരണ പരിപാടികൾ ശ്രദ്ധേയമായി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഗാനങ്ങൾ, പ്രസംഗങ്ങൾ, പ്രതിജ്ഞകൾ, കലാപരിപാടികൾ എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടിക്ക് കൂടുതൽ ഊർജവും പ്രചോദനവും നൽകി.
ഐ.ആർ.ടി.സി റിസോഴ്‌സ് പേഴ്സൺ സോമനാഥൻ പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര ജീവിതശൈലി എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വവും പങ്കാളിത്തവും അദ്ദേഹം വിശദീകരിച്ചു.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ ഗ്രാമസഭയിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള കൂട്ടായ പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.