2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
പൗരധർമ്മവും ഉത്തരവാദിത്വങ്ങളും

പൗരധർമ്മവും ഉത്തരവാദിത്വങ്ങളും

ഭരണ വ്യവസ്ഥയിലെ പങ്കാളി എന്ന നിലയ്ക്ക് പൗരർക്ക് അവകാശങ്ങളുണ്ട്. അവ നിശ്ചിതവും കൃത്യവുമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിന് വിരുദ്ധമായ പ്രവർത്തനങ്ങൾ തടയുകയും ഉത്തരവാദിത്വപൂർണ്ണമായ പൗരാവകാശപാലനം നടപ്പാക്കുകയും ചെയ്യണം.

സമൂഹത്തോടും രാഷ്ട്രത്തോടും ചില കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുവാൻ പൗരർക്ക് ചുമതലയുണ്ട്. പൗരധർമ്മങ്ങൾ എന്ന് ഇതിനെ ചുരുക്കത്തിൽ പറയാം. സ്വയമേവ അവ പാലിക്കുകയാണ് ഉത്തമ പൗരന്റെ കടമ.

ഇന്ത്യൻ ഭരണഘടന അനുഛേദം 51 എ (1976)

  • ഭരണഘടനയോടും രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടും ആദരവും അനുസരണവും പ്രകടിപ്പിക്കുകയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങൾ പരിപോഷിപ്പിക്കുകയും ചെയ്യുക.
  • പൊതുമുതലുകൾ സംരക്ഷിക്കുകയും പരിപാലിക്കുകയും നശിപ്പിക്കാതിരിക്കുകയും ചെയ്യുക.
  • ചരിത്ര-സാംസ്കാരിക സമ്പത്തുകൾ പരിപാലിക്കുക.
  • പ്രകൃതി സമ്പത്ത്, വന-വന്യജീവികൾ, പരിസ്ഥിതി സന്തുലിതാവസ്ഥ എന്നിവ സംരക്ഷിക്കുകയും നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്യുക.
  • സ്ത്രീകളുടെ പദവിയും അന്തസ്സും സംരക്ഷിക്കുകയും ഉയർത്തുകയും സ്ത്രീ വിരുദ്ധ നടപടികളെ ചെറുക്കുകയും ചെയ്യുക.
  • അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചെറുക്കുകയും ശാസ്ത്രാഭിരുചി, ശാസ്ത്രാവബോധം, മാനവികത എന്നിവ വളർത്തുകയും ചെയ്യുക.
  • രാഷ്ട്രത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ ഉയർത്തിപ്പിടിക്കുകയും മതസമുദായ സൗഹാർദവും പരസ്പര സാഹോദര്യവും വളർത്തുകയും ചെയ്യുക.

പഞ്ചായത്ത് രാജ് നിയമം (1994, 1999)

1994-ലെ പഞ്ചായത്ത് രാജ് നിയമം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന പൗരൻമാരുടെ കടമകളും ഉത്തരവാദിത്വങ്ങളും നിർവ്വചിച്ചിട്ടുണ്ട്. പഞ്ചായത്തിലെ പൗരൻ എന്ന നിലയിൽ ഓരോ വ്യക്തിയും താഴെ പറയുന്ന ചുമതലകൾ നിർവ്വഹിക്കേണ്ടതാണ്.

  • ഗ്രാമസഭയിൽ പങ്കെടുക്കുകയും തദ്ദേശഭരണ പ്രക്രിയയിൽ നേരിട്ട് പങ്കാളിയാകുകയും ചെയ്യുക.
  • നികുതി വെട്ടിപ്പ് തടയുകയും കൃത്യമായി നികുതി അടച്ച് തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് വരുമാനം ഉറപ്പാക്കുകയും ചെയ്യുക.
  • വികസന പ്രവർത്തനങ്ങളിൽ പഞ്ചായത്തിനെ സഹായിക്കുകയും വിഭവസമാഹരണത്തിലും അദ്ധ്വാനത്തിലും സഹകരിക്കുകയും ചെയ്യുക.
  • ആസൂത്രണം, നിർവ്വഹണം, വിലയിരുത്തൽ എന്നിവയിൽ സജീവമായി പങ്കാളിയാകുക.
  • പൊതുശല്യം, പൊതുജീവിതത്തിന് വിഘാതം, പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം തുടങ്ങിയവ ഒഴിവാക്കുകയും അവയ്ക്കെതിരെ ജാഗ്രത പാലിക്കുകയും ചെയ്യുക.
  • ശുചിത്വം, രോഗപ്രതിരോധം, പോഷകാഹാരം, സാക്ഷരത, നിയമബോധനം, തർക്കപരിഹാരം തുടങ്ങിയ പ്രവർത്തനങ്ങളിൽ പഞ്ചായത്തിനോട് സഹകരിക്കുക.
  • സാമൂഹ്യ ഓഡിറ്റ് പ്രക്രിയ സാർത്ഥകമാക്കാൻ സഹായിക്കുക.
  • മൗലികവാദത്തിനും വിഭാഗീയതകൾക്കുമെതിരെ പ്രവർത്തിക്കുകയും സാമൂഹ്യ ഐക്യത്തിനും പങ്കാളിത്ത വികസനത്തിനും സഹായിക്കുകയും ചെയ്യുക.
  • അഴിമതിക്കും ദുർഭരണത്തിനുമെതിരെ നിയമപ്രകാരമുള്ള ജാഗ്രത പാലിക്കുകയും ജനാധിപത്യ തദ്ദേശഭരണം ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യുക.
  • പ്രകൃതി വിഭവങ്ങളും പൊതുഗതാഗത സംവിധാനങ്ങളും സംരക്ഷിക്കുകയും ദുരുപയോഗവും ചൂഷണവും ഒഴിവാക്കുകയും ചെയ്യുക.
  • മിതവ്യയശീലം പ്രചരിപ്പിക്കുകയും ആഡംബരവും അമിതവ്യയവും ഒഴിവാക്കുകയും സ്വാശ്രയവും പങ്കാളിത്തവും ഉറപ്പാക്കുകയും ചെയ്യുക.
  • മദ്യപാനം, മയക്കുമരുന്ന്, സ്ത്രീധനം, സ്ത്രീപീഡനം, ബാലാധ്വാനം, പിന്നോക്ക വിഭാഗങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെ അണിനിരക്കുക.
  • പരിസ്ഥിതി ബോധവൽക്കരണത്തിൽ പങ്കാളികളാകുകയും പരിസ്ഥിതി സന്തുലനം ഉറപ്പാക്കുകയും ചെയ്യുക.
  • സ്ഥിതിവിവരക്കണക്കുകളുടെ കൃത്യമായ ശേഖരണം, സമാഹരണം, ക്രോഡീകരണം എന്നിവയിൽ സഹകരിക്കുകയും തെറ്റായ വിവരങ്ങൾ നൽകാതിരിക്കുകയും ചെയ്യുക.
  • പ്രകൃതി ദുരന്ത ബാധിതരെ സംരക്ഷിക്കുന്നതിന് സഹായിക്കുക.
  • സഹകരണ-സമ്പാദ്യ ശീലങ്ങൾ വളർത്തുക.
  • വികസനാവശ്യങ്ങൾക്ക് ഭൂമി വിട്ടുകൊടുക്കുകയും പൊതുഭൂമി അനധികൃതമായി കൈവശപ്പെടുത്താതിരിക്കുകയും ചെയ്യുക.
  • അയൽക്കൂട്ടം, സ്വയംസഹായ, പരസ്പരസഹായ സംഘങ്ങൾ സംഘടിപ്പിക്കുക.
  • പൊതുസ്ഥലങ്ങളിലും നിരത്തുകളിലും തുപ്പൽ, മലമൂത്രവിസർജ്ജനം, മദ്യപാനം, പുകവലി തുടങ്ങിയ സമൂഹവിരുദ്ധ പെരുമാറ്റങ്ങൾ ഒഴിവാക്കുക.
  • മൃഗങ്ങളെ പൊതുസ്ഥലത്ത് പരസ്യമായി കശാപ്പ് ചെയ്യാതിരിക്കുകയും മാംസവും മാംസാവശിഷ്ടങ്ങളും തുറസ്സായി പ്രദർശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യാതിരിക്കുകയും ചെയ്യുക.
  • ഓമനമൃഗങ്ങൾ, വളർത്തുമൃഗങ്ങൾ, പക്ഷികൾ എന്നിവയ്ക്ക് ആവശ്യമായ കുത്തിവയ്പ്പുകൾ നൽകുകയും ആവശ്യമായ ലൈസൻസ് എടുക്കുകയും ചെയ്യുക.
  • നിയമ-ചട്ട വ്യവസ്ഥകൾ പാലിക്കുകയും അവയുടെ ലംഘനത്തിന് പ്രേരണയോ സഹായമോ നൽകാതിരിക്കുകയും ചെയ്യുക.
  • സ്ത്രീ-പുരുഷ തുല്യതയും നീതിയും പരിപാലിക്കുകയും അതിനുതകുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്യുക.